മൊബൈൽ ആപ്പ് ekmdiocese.com പ്രകാശനം ചെയ്തു

image

03-06-2016 05:45:33

എറണാകുളം അതിരൂപതയുടെ മൊബൈൽ ആപ്പ് ekmdiocese.com പ്രകാശനം ചെയ്തു.
വിവര സാങ്കേതിക രംഗത്ത് എറണാകുളം-അങ്കമാലി അതിരൂപത വീണ്ടും പുതിയൊരു നാഴികക്കല്ല് പിന്നിട്ടു. എറണാകുളം അതിരൂപതയുടെ ആൻഡ്രേയ്ഡ് മൊബൈൽ ആപ്പ് (ekmdiocese.com) സീറോമലബാർ സഭാദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ജൂൺ 3-ാം തിയ്യതി പ്രകാശനം ചെയ്തു. മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻ വീട്ടിൽ, മാർ തോമസ് ചക്യാത്ത് എന്നിവർ പ്രസ്തുത ചടങ്ങിൽ സംബന്ധിച്ചു. 


എറണാകുളം അതിരൂപതയിലെ എല്ലാ കുടുംബങ്ങളേയും, ഇടവകകളേയും, വൈദികരേയും, സന്യാസ സഭകളേയും, സ്ഥാപനങ്ങളേയും, അതിരൂപത ഡിപ്പാർട്ടുമെന്റുകളേയും ഓൺലൈൻ നെറ്റ്വർക്കിലേയ്ക്ക് കൊണ്ടുവരുന്ന വെബ് അപ്ലിക്കേഷൻ 2016 ഫെബ്രുവരി 2-ാം തിയ്യതി കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി തന്നെ പ്രകാശനം ചെയ്തിരുന്നു. പ്രസ്തുത ഓൺലൈൻ സോഫ്റ്റ്വെയറിലൂെട ലഭിക്കുന്ന പ്രധാനപ്പെട്ട എല്ലാ സേവനങ്ങളും മൊബൈൽ ആപ്പ് വഴി ലഭിക്കും എന്നത് അതിരൂപതയുടെ ശുശ്രൂഷ മേഖലകളിൽ ഗുണപരമായ വലിയൊരു മാറ്റംവരുത്തുന്നതാണ് എന്ന് കർദ്ദിനാൾ എടുത്തു പറഞ്ഞു. നാലു തരത്തിലുള്ള മാറ്റമാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്. 


ഒന്ന്: സഭയുടെ സേവന-ശുശ്രൂഷകൾ അതിന്റെ പ്രായോജകരിലേയ്ക്ക് എത്തുമ്പോൾ ഉണ്ടാകുന്ന സമയത്തിന്റെയും പണത്തിന്റെയും ചെലവ് ഗണ്യമായി കുറയ്ക്കാൻ ഇതുവഴി സാധിക്കും.  

രണ്ട്: സഭാംഗങ്ങൾ അവർ ഏതു സ്ഥലത്ത് താമസിച്ച് ജോലി ചെയ്യുന്നവരായാലും മെത്രാൻമാർ, വൈദികർ, അതിരൂപതാ ഡിപ്പാർട്ട്മെന്റുകൾ എന്നിവയുമായി എപ്പോഴും ഓൺലൈൻ ബന്ധത്തിലായിരിക്കും.

മൂന്ന്: ഇടവകതലത്തിലും, അതിരൂപതാതലത്തിലുമുള്ള അറിവുകളും, വാർത്തകളും നിമിഷങ്ങൾക്കകം സഭാംഗങ്ങൾക്കു ലഭിക്കും. അവയെല്ലാം നിർമ്മാണപരമായ ആവശ്യങ്ങൾക്കായി കൂടുതൽ ഉപയോഗപ്പെടുത്താനാവും.

നാല്: ഇടവകകളും, അതിരൂപതയുടെ ഡിപ്പാർട്ട്മെന്റുകളും, ഓഫീസുകളും പരമാവധി കടലാസ് രഹിതമായി മാറ്റുമ്പോൾ അതിരൂപത കൂടുതൽ പരിസ്ഥിതി സൗഹൃദമായി മാറും. നമ്മൾ ഉപയോഗിക്കുന്ന പേപ്പറിന്റെ എണ്ണം കുറയ്ക്കാനായാൽ ഈ ഭൂമിയോടും പ്രകൃതിയോടും നാം ചെയ്യുന്ന സുകൃതമായിരിക്കും. അത് നമുക്കുവേണ്ട വിഭവങ്ങളെല്ലാം നൽകി നമ്മുടെ ജീവനെ സംരക്ഷിക്കുന്ന ഈ പ്രകൃതിയ്ക്ക് നാം നൽകുന്ന ദക്ഷിണയാണ്.


ഇതിനകം തന്നെ അതിരൂപതയിലെ 135 ഇടവകകൾ രജിസ്ട്രഷൻ നടത്തിക്കഴിഞ്ഞു. അവയിലെ കുടുംബങ്ങളെ രജിസറ്റർ ചെയ്തുകൊണ്ടിരിക്കുകയാണ്. 15 ഇടവകകൾ സമ്പൂർണ്ണമായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 25022 കുടുംബങ്ങളിൽ നിന്ന് 106200 പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 
അതിരൂപതയിലുള്ള 263 ഇടവകകളിൽ 240 എണ്ണത്തിലും രജിസ്ട്രേഷനു മുന്നോടിയായി ഡാറ്റ സമാഹരണം നടത്തുകയാണ്. 


എത്രയും വേഗം ഡാറ്റാ സമാഹരണം പൂർത്തിയാക്കി രജിസ്ട്രേഷൻ നടത്തിയാലേ ഇടവകയിലെ കുടുംബങ്ങൾക്ക് ഇവ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ ഡാറ്റാ കളക്ഷനും ഡാറ്റാ എൻട്രിയും എത്രയും വേഗം പൂർത്തിയാക്കി അതിരൂപതയിലെ എല്ലാ ഇടവകാംഗങ്ങളേയും ഈ നെറ്റ്വർക്കിൽ പങ്കാളികളാക്കാൻ എല്ലാ വൈദികരും, കോഓർഡിനേറ്റർമാരും, ഇടവകാംഗങ്ങളും സഹകരിക്കണമെന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. 


ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ekmdiocese.com എന്ന ആപ്പ് ആൻഡ്രേയ്ഡ് മൊബൈൽ ഫോൺ ഉള്ള എല്ലാവർക്കും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. അതിരൂപതയിലെ മെത്രാൻമാർക്കും, വൈദികർക്കും, എല്ലാ കുടുംബങ്ങൾക്കും സ്വന്തമായി ലഭിച്ചിട്ടുള്ള യൂസർ ഐഡി നമ്പർ, പാസ്സ്വേഡ് എന്നിവ ഉപയോഗിച്ചുകൊണ്ട് പ്രസ്തുത ആപ്പ് ഉപയോഗിക്കാം. ഇപ്പോൾ മുതൽ എല്ലാവർക്കും ഈ ആപ്പ് ഡൗൺലോഡ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാവുന്നതാണ് എന്ന് ആർച്ച് ഡയോസിഷൻ ഇന്റർനെറ്റ് മിഷൻ ഡയറക്ടർ ഫാ. ഷാൻലി ചിറപ്പണത്ത് പറഞ്ഞു. 

Leave a Comment

Captcha:   

Sponsors